Eterniseed

ഇയ്യോബ് 22

Malayalam Bible (1910) · Malayalam · Free, public domain

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു.

3 നീ നീതിമാനായാൽ സൎവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ?

4 നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു?

5 നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല.

6 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.

7 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.

8 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാൎത്തു.

9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.

10 അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.

11 അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?

12 ദൈവം സ്വൎഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയൎന്നിരിക്കുന്നു എന്നു നോക്കുക.

13 എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ?

14 കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു.

15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാൎഗ്ഗം നീ പ്രമാണിക്കുമോ?

16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.

17 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സൎവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.

18 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.

19 നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:

20 ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.

21 നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും.

22 അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.

23 സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും.

24 നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.

25 അപ്പോൾ സൎവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.

26 അന്നു നീ സൎവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയൎത്തും.

27 നീ അവനോടു പ്രാൎത്ഥിക്കും; അവൻ നിന്റെ പ്രാൎത്ഥന കേൾക്കും; നീ നിന്റെ നേൎച്ചകളെ കഴിക്കും.

28 നീ ഒരു കാൎയ്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.

29 നിന്നെ താഴ്ത്തുമ്പോൾ ഉയൎച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും.

30 നിൎദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

Read Malayalam Bible (1910) with narration, notes, and lessons in the Eterniseed app.