Eterniseed

സങ്കീർത്തനങ്ങൾ 137

Malayalam Bible (1910) · Malayalam · Free, public domain

1 ബാബേൽനദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓൎത്തപ്പോൾ ഞങ്ങൾ കരഞ്ഞു.

2 അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.

3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.

4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?

5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നുപോകട്ടെ.

6 നിന്നെ ഞാൻ ഓൎക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.

7 ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യൎക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓൎക്കേണമേ.

8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ.

9 നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.

Read Malayalam Bible (1910) with narration, notes, and lessons in the Eterniseed app.